മദ്യത്തിനു പകരം ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച ഏഴുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് ദാരുണ സംഭവം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രദേശത്ത് മദ്യ വില്‍പന നിരോധിച്ചിരുന്നു. ഇതോടെയാണ് തൊഴിലാളികളായ യുവാക്കള്‍ സാനിറ്റൈസര്‍ വാങ്ങി കുടിച്ചത്.
മദ്യത്തിനു പകരം സാനിറ്റൈസര്‍ ഉപയോഗിച്ചാല്‍ ലഹരി ലഭിക്കുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് യുവാക്കള്‍ അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങി പാര്‍ട്ടി നടത്തിയത്. എന്നാല്‍ സാനിറ്റൈസര്‍ കുടിച്ചതിനു പിന്നാലെ ഓരോരുത്തരായി ഛര്‍ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു. ഇവരെ വാനി സര്‍ക്കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശാരീരിക സ്ഥിതി മോശയമായതോടെ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൂന്ന് പേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതായി വാനി പൊലീസ് അറിയിച്ചു. അതേസമയം, ബാക്കി നാലുപേരുടെ മൃതദേഹങ്ങള്‍ അധികൃതരെ അറിയിക്കാതെ ബന്ധുക്കള്‍ സംസ്‌കരിച്ചെന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
Content Highlights: Liquor Shops Closed, 7 Die In Maharashtra After Drinking Hand Sanitiser