ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ വീണ്ടും ഉപയോഗിക്കാൻ അനുമതി നൽകി യുഎസ്

ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സീൻ വീണ്ടും ഉപയോഗിക്കാൻ യുഎസ് ആരോഗ്യ വിദഗ്ധരുടെ അനുമതി. വാക്സീന്റെ ഗുണഫലങ്ങൾ പാർശ്വഫലങ്ങളെ മറികടക്കുന്നതാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് വീണ്ടും ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനും സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

വാക്സീൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 14 മുതൽ വാക്സീൻ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അപൂർവമായി ചില കേസുകൾ മാത്രമാണ് രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തതെന്ന് സിഡിഎസ് തലവൻ റോചെല്ലെ വാലെൻസ്കി അറിയിച്ചു. വാക്സിനുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ സ്വീകരിച്ച 3.9 ദശലക്ഷം സ്ത്രീകളിൽ 15 പേർക്കാണ് ഗുരുതരമായി രക്തം കട്ടപിടിക്കുന്നത് റിപ്പോർട്ട് ചെയ്തത്. അതിൽ ഭൂരിപക്ഷവും 13 പേരും 50 വയസ്സിനു താഴെ പ്രായമുള്ളവരാണ്. വാക്സീന്റെ വളരെ അപൂർവമായ പാർശ്വഫലങ്ങളിൽ ഒന്നാണ് രക്തം കട്ടപിടിക്കുന്നത് എന്നാണ് യുറോപ്പിലെ മരുന്ന് വ്യവസായകർ പറയുന്നത്.

Content Highlights: the US Allows Johnson & Johnson Covid Vaccination To Resume