മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപ്പിടിത്തം; നാല് രോഗികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് രോഗികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുമ്പ്രയിലെ കൗസയിലുള്ള പ്രൈം ക്രിട്ടിക്കെയര്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 3.40നായിരുന്നു തീപ്പിടിത്തമുണ്ടായത്. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ഉള്‍പ്പെടെ 20 രോഗികളെ സുരക്ഷിതമായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ആശുപത്രിയിലെ ഒന്നാംനില തകര്‍ന്നതായും കോവിഡ് രോഗികളാരും ചികിത്സയില്‍ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കും. സംഭവത്തെക്കുറിച്ച് ഉന്നതതല സമിതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

content highlights: Four Patients Dead In Fire At Hospital In Maharashtra’s Thane