ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയ കൊഴിഞ്ഞു പോക്ക്, എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

പനാജി: ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയ കൊഴിഞ്ഞു പോക്ക്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ എട്ട് ഗോവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്.

വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ബിജെപി സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ, ദെലീല ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലക്‌സോ സെക്വീര, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് ഭരണകക്ഷിയായ ബിജെപിയില്‍ ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതൃ യോഗത്തില്‍ നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനച്ചതായി ആണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് നിലവില്‍ 11 എംഎല്‍എമാരാണ് സഭയിലുള്ളത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്ന കോണ്‍ഗ്രസ് അംഗങ്ങളുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ, പാര്‍ട്ടി വിടില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ എംഎല്‍എമാരെ കൊണ്ട് സത്യം ചെയ്യിച്ചിരുന്നു.

40 അംഗ സഭയില്‍ ബിജെപിക്ക് 20, കോണ്‍ഗ്രസിന് 11, ആം ആദ്മി പാര്‍ട്ടിക്ക് 2, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് 2, ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും റവല്യൂഷണറി ഗോവന്‍സ് പാര്‍ട്ടിക്കും ഓരോ എംഎല്‍എമാരുമാണുള്ളത്. 3 സ്വതന്ത്രരും ഉണ്ട്. കോണ്‍ഗ്രസിന് ഇനി സഭയില്‍ മൂന്ന് അംഗങ്ങള്‍ മാത്രമാകും ഉണ്ടാവുക.