കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കെന്ന് ജെ പി നദ്ദ

തിരുവനന്തപുരം: ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണെന്ന് ജെ പി നദ്ദ വിമര്‍ശിച്ചു. കൊവിഡ് കാല പർച്ചേഴ്സിലടക്കം നടന്നത് അഴിമതിയാണെന്നാണ് വിമര്‍ശനം. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ പരാമർശിച്ച നദ്ദ, സർവ്വകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു. തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജെപി പ്രവര്‍ത്തക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്തി. നവരാത്രി ഉത്സവത്തിന്‍റെ ആരംഭദിനത്തിലാണ് പാർട്ടി നേതാക്കൾക്ക് ഒപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യാൻ ഇന്നലെയാണ് ജെ പി നദ്ദ കോട്ടയത്ത്‌ എത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് നദ്ദ തിരുവനന്തപുരത്തേക്ക് പോയത്.