കൊച്ചി: ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം.
കേസില്‍ ഒരു രീതിയിലും ഇടപെടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. മാതൃക കാട്ടേണ്ടവരില്‍ നിന്ന് തെറ്റ് സംഭവിച്ച പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ച് ചര്‍ച്ച ചെയ്തിരുന്നു. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞുപോയതാണ് എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകയോട് ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും ചെയ്തതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
എന്നാല്‍ സിനിമയില്‍ മാതൃക കാട്ടേണ്ടവരില്‍ നിന്നാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്. അതിനാല്‍ തെറ്റ് പറ്റിയതിന് നടപടി സ്വീകരിച്ചേ മതിയാവൂ. അതിനാല്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. നിലവില്‍ ചില സിനിമകളുടെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാവാനുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങും പൂര്‍ത്തിയാവാനുണ്ട്. ഇതെല്ലാം പൂര്‍ത്തിയായ ശേഷം കുറച്ചുനാളത്തേയ്ക്ക് ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചത്. എത്ര കാലത്തേയ്ക്ക് എന്ന് തീരുമാനിച്ചിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കും. തെറ്റ് തിരുത്തി നേരെയാവുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.