മുംബൈ: ബോളിവുഡ് നടി ദീപിക പദുകോൺ ആശുപത്രിയിൽ. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും നടി സുഖം പ്രാപിച്ചു വരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ജൂൺ 15നും ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നടൻ പ്രഭാസിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ഹൃദയമിടിപ്പ് ഉയർന്നതിനെത്തുടർന്നാണ് അന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്.
അതേസമയം, ഷാരൂഖ് ഖാൻ നായികനായി എത്തുന്ന പത്താൻ ആണ് ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രത്തിന്റെ’ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. 200 കോടി രൂപയ്‍ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 2023 ജനുവരി 25ന് തിയേറ്ററുകളിൽ ചിത്രമെത്തും.