പേവിഷബാധ 100% തടയാവുന്ന രോഗമാണെങ്കിലും, ലോകമെമ്പാടുമുള്ള ഏകദേശം 60,000 ആളുകള്‍ ഓരോ വര്‍ഷവും ഈ രോഗം മൂലം മരിക്കുന്നു. ഈ മാരകമായ രോഗത്തെ നിയന്ത്രിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കാനും പേവിഷബാധയ്ക്കെതിരായ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്ന് സ്വയം ഓര്‍മ്മിപ്പിക്കാനുമുള്ള അവസരമാണ് ലോക പേവിഷ ദിനം.
‘ഏകാരോഗ്യം, പേവിഷബാധ മരണങ്ങള് ഒഴിവാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക റാബീസ് ദിന സന്ദേശം. സംസ്ഥാനത്ത് നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലോക റാബീസ് ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനും മരണങ്ങള് ഒഴിവാക്കുന്നതിനുമാണ് ആരോഗ്യ വകുപ്പ് പരിശ്രമിക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധയ്ക്ക് കാരണം. പേവിഷബാധയേറ്റ മൃഗത്തിന്റെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുക എന്നതാണ്. 15 മിനിറ്റോളം മുറിവ് കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാന്‍. ആന്റി ബാക്ടീരിയല്‍ സോപ്പ് തന്നെ വേണമെന്നില്ല. കുളി സോപ്പ് ആണെങ്കിലും മതി. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാന്‍ സഹായിക്കും. രക്തം ഒലിയ്ക്കുന്നുണ്ടെങ്കില്‍ മുറിവിന് മുകളില്‍ ഒരു തുണി കെട്ടി വയ്ക്കുക. മുറിവിന് മുകളില്‍ കെട്ടേണ്ടതില്ല.
പേവിഷബാധയേറ്റ നായ കടിച്ചാല്‍ വാക്സിനെടുക്കുക ഏറെ പ്രധാനമാണ്. ഇമ്യൂണോഗ്ലോബിന് കുത്തിവയ്പ്പാണ് ഇതിനായി എടുക്കുന്നത്. വളര്‍ത്തു നായ്ക്കളെങ്കില്‍പ്പോലും ചെറിയ കടിയാണെങ്കിലും അവഗണിക്കരുത്. എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക. വീട്ടിലെ നായ്ക്കള്‍ക്ക് പേവിഷബാധയില്ലെന്ന് ഉറപ്പും വരുത്തേണ്ടതും പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു.
എന്താണ് റേബീസ് ?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗാണുബാധയാണ് റേബീസ് അഥവാ പേവിഷബാധ. കടിയേറ്റ ഭാഗത്തുനിന്നും ഈ വൈറസ് നാഡീ ഞരമ്ബുകളെ ബാധിച്ച് തലച്ചോറില്‍ എത്തുന്നു. എല്ലാ ഉഷ്ണരക്ത ജീവികളെയും ഈ രോഗം ബാധിക്കാം. രോഗാണുക്കള്‍ ശരീരത്തില്‍ കടന്നതിനു ശേഷം രോഗലക്ഷണങ്ങള്‍ കാണിക്കുന്നത് വരെയുള്ള കാലത്തെ ഇന്‍കുബേഷന്‍ പീരീഡ് എന്നാണ് പറയുക. മുറിവിനും മസ്തിഷ്കത്തിനും ഇടയിലുള്ള ഉള്ള ദൂരം കുറയുന്നതിനനുസരിച്ച് ഇന്‍കുബേഷന്‍ കാലം കുറഞ്ഞിരിക്കും. ഇത് ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കാം.
നായ്ക്കളില്‍ രോഗലക്ഷണങ്ങള്‍ പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. ക്രൂര രൂപവും, മൂകരൂപവും എന്നീ തരത്ത. രോഗം ബാധിച്ച നായ്ക്കള്‍ ഇരുണ്ട മൂലകളില്‍ ഒളിച്ചു നില്‍ക്കുകയും ശബ്ദം വെളിച്ചം എന്നിവയെ ഭയപ്പെടുകയും ചെയ്യുന്നു. സാങ്കല്‍പ്പിക വസ്തുക്കളെ കടിക്കുകയും മരം ,കല്ല് കാഷ്ഠം എന്നിവ തിന്നുകയും ചെയ്യുന്നതായും കാണാം.
തുടര്‍ന്ന് ഇവ അലഞ്ഞുനടക്കുകയും മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നു. പേവിഷബാധയേറ്റ നായ്ക്കള്‍ കുരയ്ക്കാതെ കടിക്കുന്നു. ഇവയില്‍ ഉമിനീരൊലിപ്പിക്കല്‍ ധാരാളമായി കാണാം. കഴുത്തിലെയും താടിയിലെയും മാംസപേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്നതിനാല്‍ വെള്ളവും ഭക്ഷണസാധനങ്ങളും ഇറക്കാന്‍ വിഷമം നേരിടുന്നു. കുരയ്ക്കുന്ന ശബ്ദത്തിനും വ്യത്യാസമുണ്ടാകും. കണ്ണുകള്‍ ചുവന്നിരിക്കും. ക്രമേണ തളര്‍ച്ച ബാധിച്ച് മൃഗങ്ങള്‍ ചത്തു പോകുന്നു. മൂകരൂപത്തില്‍ തളര്‍ച്ചയും ഉറക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍.