തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിതിന്റെ അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുമ്ബും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇത്തരം ചെറിയൊരു സ്ഫോടനത്തില്‍ നിന്നാണ് പുറ്റിങ്ങലില്‍ നൂറുകണക്കിന് പേരുടെ ജീവന്‍ നഷ്ടമായ ദുരന്തം സംഭവിച്ചത്. അത്തരം വ്യാപ്തിയുള്ള കൃത്യമാണ് ജിതിന്‍ ചെയ്തതെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ സാധാരണക്കാരനായ ജിതിന് സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ കഴിയില്ലെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജിതിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം, എകെജി സെന്റര്‍ ആക്രമണം നടത്തുമ്ബോള്‍ പ്രതിയായ ജിതിന്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ട് വേളിക്കായലില്‍ ഉപേക്ഷിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആക്രമണം നടക്കുന്ന സമയത്ത് ജിതിന്‍ ഉപയോഗിച്ചിരുന്ന ടീ ഷര്‍ട്ട്, ഷൂസ്, സ്കൂട്ടര്‍ എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്ത് നിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് ഷൂസ് കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.