മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓർമ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ലോക ഹൃദയദിനം ആചരിക്കുന്നത്.
ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്‌ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ ഇക്കാലത്ത് ഹൃദ്രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, പുകവലി, പൊണ്ണത്തടി, തുടങ്ങിയവയ്ക്ക് എതിരായുള്ള ബോധവത്ക്കരണമാണ് ഈ ഹൃദയ ദിനത്തിൽ ചെയ്യേണ്ടത്.
‘എല്ലാ ഹൃദയങ്ങൾക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ (Use Heart for every heart) എന്നതാണ് ഈ വർഷത്തെ സന്ദേശം. പ്രായഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലുള്ളവർക്കും എല്ലാ പ്രദേശങ്ങളിലുള്ളവർക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.