തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍, പ്രതി ജിതിന് ഉപയോഗിച്ച ഡിയോ സ്കൂട്ടര്‍ കണ്ടെത്തി. കേസില്‍ പൊലീസ് തിരയുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ മുന്‍ ഡ്രൈവറുടേതാണ് സ്കൂട്ടര്‍ എന്നാണ് വിവരം. സ്കൂട്ടറിന്റെ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് ഇപ്പോള്‍ വിദേശത്താണ്. കഠിനംകുളത്ത് നിന്നാണ് സ്കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എകെജി സെന്റര്‍ ആക്രണക്കേസിലെ പ്രതി ജിതിന്‍െറ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. മുമ്ബും കേസുകളില്‍ പ്രതിയായ ജിതിന് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുമന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി നടപടി.
കസ്റ്റഡിയില്‍ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ളതിനാല്‍ ജിതിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുവാദം. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ 22നാണ് ഏകെജി സെന്റര്‍ ആക്രമണ കേസില്‍ ജിതിന് പിടിയിലായത്.
എകെജി സെന്റര്‍ ആക്രമിക്കുമ്ബോള്‍ പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ട്, ഷൂസ് എന്നിവയില്‍ നിന്നുമാണ് ജിതിനിലേക്ക് എത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നത്. ജിതിന് ഉപയോഗിച്ച ടീഷര്‍ട്ട്, ഷൂസ്, സ്കൂട്ടര്‍ എന്നി കണ്ടെത്തുന്നതിനുവേണ്ടിയാണ് നാലു ദിവസത്തെ കസ്റ്റഡയില്‍ വാങ്ങിയത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്തുനിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നതില്ല. മറ്റൊരു പ്രധാന തെളിവായ ടീഷര്‍ട്ട് വേളിക്കായലില്‍ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്ത ശേഷം ടീ ഷര്‍ട്ട് വാങ്ങിയ കടയിലും കൊണ്ടുപോയിരുന്നു.