കെ.എസ്.ആര്‍.ടി.സി പണിമുടക്ക് പിൻവലിച്ചു

KSRTC Employees protest 

തിരുവനന്തപുരം: ‌ കെ.എസ്.ആര്‍.ടി.സിയില്‍ ഡ്യൂട്ടി പരിഷ്കരണത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഇന്നുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് അവസാന നിമിഷം പിന്‍വലിച്ചു.

പണിമുടക്കില്‍ സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ബദല്‍ മാര്‍ഗം മാനേജ്മെന്റ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പണിമുടക്ക് പിന്‍വലിച്ചത്. കാലാവധി കഴിഞ്ഞ ഡ്രൈവര്‍, കണ്ടക്ടര്‍ റാങ്ക് പട്ടികയിലുള്ളവരെ താത്കാലികമായി ജോലിക്ക് നിയോഗിക്കാനുള്ള ക്രമീകരണങ്ങളാണ് നടത്തിയത്. പണിമുടക്കിനെതിരെ ഡയസ്‌നോണും പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ രാവിലെ ടി.ഡി.എഫ് നേതാക്കള്‍ യോഗം ചേര്‍ന്നപ്പോള്‍ ഒരുവിഭാഗം പണിമുടക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് രാത്രിവരെ നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് സമവായത്തിലെത്തി പണിമുടക്ക് പിന്‍വലിച്ചത്. ഹൈക്കോടതി വിധി കണക്കിലെടുത്താണ് സമരത്തില്‍ നിന്നും പിന്മാറുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

പണിമുടക്കിയാല്‍ ശക്തമായ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രി ആന്റണി രാജുവും സി.എം.ഡിയും വ്യക്തമാക്കിയിരുന്നു. പണിമുടക്കുന്നവര്‍ക്ക് തിരിച്ചെത്തുമ്ബോള്‍ ജോലി കാണില്ലെന്ന സൂചനയും മന്ത്രി നല്‍കിയിരുന്നു. ഡ്യൂട്ടി പരിഷ്‌കരണവുമായി മുന്നോട്ടുപോകുമെന്ന് വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.