യൂട്യൂബ് അവതാരകയെ അപമാനിച്ച കേസ് അവസാനിക്കുമ്പോഴും കുരുക്കായി ലഹരി കേസ്

കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ചെന്ന കേസ് ഒത്തുതീര്‍പ്പിലേക്കെത്തുമ്ബോഴും നടന്‍ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല.

നല്‍കിയ പരാതി അവതാരക പിന്‍വലിക്കുമ്ബോഴും ഇതിനോടനുബന്ധമായി പൊലീസ് നടത്തിയ ലഹരി പരിശോധനയുടെ ഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാം. പരിശോധന ഫലത്തില്‍ മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞാല്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് പൊലീസ് വ്യക്തമാക്കുന്നതും.

അഭിമുഖം നടക്കുന്ന സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നു എന്ന സംശയത്തിലാണ് അന്ന് പൊലീസ് സ്വമേധയാ സാമ്ബിളുകള്‍ ശേഖരിച്ചത്. ഇതിന് പിന്നാലെ ശാസ്ത്രീയ പരിശോധനയ്ക്ക് ഈ സാമ്ബിളുകള്‍ അയക്കുകയും ചെയ്തിരുന്നു. നടന്‍റെ നഖം, തലമുടി, രക്ത സാമ്ബിള്‍ എന്നിവയടക്കം ശേഖരിച്ചാണ് പൊലീസ് പരിശോധനക്ക് അയച്ചത്. പരാതിക്കിടയായ സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തലാണ് പ്രഥമ ലക്ഷ്യം. സിനിമ രംഗത്ത് നിന്ന് തന്നെ മുമ്ബുണ്ടായ പരാതികളില്‍ ലഹരി പരിശോധന നടത്താതിരുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് പൊലീസ് ഇത്തവണ മുന്‍കരുതലെടുത്തത്. ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ 90 ദിവസം വരെ ശേഷിപ്പുകള്‍ കണ്ടെത്താനാകുന്ന തരത്തിലുള്ള ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്.