കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ഇന്ന് കണ്ണൂരിലെത്തിക്കും. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കണ്ണൂരിലേക്ക് എത്തുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. ജില്ലയിലുള്ളവര്‍ പയ്യാമ്ബലത്തേക്ക് വരരുതെന്നും മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.
കോടിയേരിയുടെ മൃതദേഹം ഇന്ന് രാവിലെ 11.40ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. എം വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും.
വിലാപ യാത്ര കടന്നു പോകുന്ന വഴിയില്‍ 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നിര്‍ത്തും. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്ബ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്ബി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക. തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.