ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി മിസൈലുകളും മറ്റ് ആയുധങ്ങളും പ്രയോഗിക്കാന്‍ കഴിവുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകള്‍.
ഇന്ത്യയില്‍ തദ്ദേശീയമായ നിര്‍മിച്ച ഈ പ്രതിരോധ ഹെലികോപ്ടറുകള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യോമസേനയ്ക്ക് കൈമാറി. ‘പ്രചന്ദ്’ എന്ന് പേരിട്ട ഹെലികോപ്ടറുകള്‍ ജോധ്പൂര്‍ എയര്‍ബേസില്‍ വച്ചാണ് വ്യോമസേനയ്ക്കു കൈമാറിയത്.
എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര് ചൗധരിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഹെലികോപ്ടറുകളെ വ്യോമസേനയുടെ ഭാഗമാക്കിയത്. പ്രതിരോധ സംവിധാന നിര്‍മാണത്തില്‍ ഇന്ത്യയുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന സുപ്രധാന സന്ദര്‍ഭമാണിതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഈ ഹെലികോപ്ടറുകള്‍ വ്യോമസേനയുടെ പോരാട്ട വീര്യത്തിന് വലിയ ഉത്തേജനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ എല്‍.സി.എച്ച് എന്ന് വിളിച്ചിരുന്ന ഹെലികോപ്ടറിന്റെ പേരാണ് ‘പ്രചന്ദ്’ എന്ന് മാറ്റിയത്. പത്ത് ഹെലികോപ്ടറുകളാണ് ആദ്യ ബാച്ചില്‍ വ്യോമസേനയ്ക്കൊപ്പം ചേരുന്നത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്ടര്‍ (എല്‍.സി.എച്ച്) ഉയര്‍ന്ന പ്രദേശങ്ങളിലെ വിന്യാസത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.