ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയന്‍ യാത്രാ വിമാനത്തില്‍ ബോംബ് ഭീഷണി

ദില്ലി: ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയന്‍ യാത്രാ വിമാനത്തില്‍ ബോംബ് ഭീഷണി. വിവരം ലഭിച്ചയുടനെ വ്യോമസേന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജെറ്റ് വിമാനം ഇപ്പോഴും ചൈനയിലേക്കുള്ള യാത്രയിലാണെന്നാണ് വിവരം. അതേസമയം വിമാനം ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്ന് പുറത്ത് കടന്നിട്ടുണ്ട്.

മഹാന്‍ എയര്‍ലൈന്‍സ് കമ്ബനിയുടെ ഇറാനിലെ ടെഹ്‌റാനില്‍ നിന്ന് ചൈനയിലെ ഗാങ്സൂ വിമാനത്താവളത്തിലേക്കുള്ള വിമാനമായിരുന്നു ഇത്. ഇന്ത്യന്‍ വ്യോമപരിധിയില്‍ എത്തിയ വിമാനം ദില്ലി എയര്‍ ട്രാഫിക് കണ്‍ട്രോളിനെ ബന്ധപ്പെട്ടു. ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. ഇതോടെ വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ ദില്ലി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് അറിയിച്ചു. എന്നാല്‍ വിമാനം ഇത് അനുസരിക്കാതെ ചൈനയിലേക്ക് പറക്കുകയായിരുന്നു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാനത്തെ പിടികൂടാനായി വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. ഇന്ത്യന്‍ വ്യോമ സേനയുടെ സുഖോയ് – സു 30എംകെഐ യുദ്ധ വിമാനങ്ങളാണ് പറന്നുയര്‍ന്നത്. പഞ്ചാബില്‍ നിന്നും ജോധ്പൂരില്‍ നിന്നുമാണ് യുദ്ധവിമാനങ്ങള്‍ അയച്ചിരിക്കുന്നത്. സുരക്ഷാ ഏജന്‍സികളെല്ലാം സ്ഥിതി വിലയിരുത്തുകയാണ്.

ഇപ്പോള്‍ വിമാനം ചൈനയിലേക്ക് പറന്നെങ്കിലും ബോംബിന് പിന്നില്‍ ആരാണെന്നും ഏത് രാജ്യത്തിന് നേര്‍ക്കുള്ള ആക്രമണ ഭീഷണിയാണ് എന്നതടക്കം വിവരങ്ങള്‍ അറിയാനുണ്ട്