കണ്ണൂർ : സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൌതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലത്തേക്ക് പുറപ്പെട്ടു. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിന് ശേഷം പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് അന്ത്യ വിശ്രമമൊരുക്കിയ പയ്യാമ്പലം ബീച്ചിലേക്ക് വിലാപയാത്ര നീങ്ങുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എംവിജയരാജൻ, പിബി അംഗം വിജയരാഘവൻ അടക്കമുളള മുതിർന്ന നേതാക്കൾ രണ്ടര കിലോമീറ്ററോളം ദൂരം വിലാപയാത്രക്ക് ഒപ്പം നടന്ന് നീങ്ങുകയാണ്.
ആയിരങ്ങളാണ് രണ്ട് ദിവസമായി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൌൺ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനമുണ്ടായി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള ദേശീയ നേതാക്കളും, മന്ത്രിമാരും പ്രതിപക്ഷ നേതാവും പ്രതിപക്ഷ നിരയിലെ നേതാക്കളും പ്രവസായ പ്രമുഖരും മതമേലധ്യക്ഷൻമാരും സാംസ്കാരിക നായകരുമടക്കം നിരവധിപ്പേർ കണ്ണൂരിലെത്തി കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചു.