ഉത്തരാഖണ്ഡിൽ ഹിമപാതം; 10 പർവതാരോഹകർ മരിച്ചു, 8 പേരെ രക്ഷിച്ചു; തിരച്ചിൽ തുടരുന്നു

ദില്ലി: ഉത്തരാഖണ്ഡിൽ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകർ ഉത്തരാഖണ്ഡിൽ കുടുങ്ങി. ഇവരിൽ പത്ത് പേർ കൊല്ലപ്പെട്ടു. എട്ട് പേരെ രക്ഷിച്ചു. രക്ഷപ്പെട്ടവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റിയൂട്ടിലെ ട്രെയിനികളാണ് എല്ലാവരും. ദ്രൗപദിദണ്ട മേഖലയിൽ ഉണ്ടായ ഹിമപാതത്തെ തുടർന്നാണ് ഇവർ ഇവിടെ അകപ്പെട്ടതെന്നാണ് വിവരം. ഇവരെ കുറിച്ച് വിവരം ലഭിച്ചെന്നും രക്ഷാ പ്രവർത്തനം തുടരുന്നുവെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി ഡെറാഡൂണിലേക്ക് തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യൻ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരും.

അപകടത്തെ തുടർന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് രക്ഷാ പ്രവർത്തനത്തിനും ദുരന്ത പ്രതിരോധ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയോട് രക്ഷാപ്രവർത്തനത്തിൽ ഭാഗമാകാൻ നിർദ്ദേശിച്ചതായും പിന്നീട് രാജ്നാഥ് സിങ് ട്വിറ്ററിൽ അറിയിച്ചു.