കശ്‌മീരിൽ ജയിൽ ഡിജിപിയെ കഴുത്തുറുത്ത് കൊന്നു; വീട്ടുജോലിക്കാരൻ ഒളിവിൽ

ന്യൂഡൽഹി: ജമ്മു കശ്‌മീർ ജയിൽ വിഭാഗം ഡിജിപി ഹേമന്ദ് കുമാർ ലോഹി (57) കൊല്ലപ്പെട്ടു. സ്വന്തം വസതിയിലെ മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് ഡിജിപിയെ കണ്ടെത്തിയത്. ലോഹിയുടെ സഹായിയെ കണാതായിട്ടുണ്ട്. ജമ്മു കശ്മീരിലെ റംബാൻ ജില്ലക്കാരനായ ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.

1992 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ ലോഹിയെ ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള ഉദയ്‌വാലയിലെ വസതിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ലോഹിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുപ്പി പൊട്ടിച്ച് കഴുത്തുറുക്കുകയായിരുന്നുവെന്ന് ഡിജിപി ദിൽബാഗ് സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ലോഹിയുടെ മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

ലോഹിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം ഉൾപ്പെടെയുള്ളവർ വസതിയിൽ പരിശോധന നടത്തി. ലോഹിയുടെ വീട്ടുജോലിക്കാരൻ ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു.