റഷ്യ മാരക ആയുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന് ലോക രാജ്യങ്ങള്‍; ലോകം വീണ്ടും ആണവ ഭീഷണിയില്‍

റഷ്യ ഇപ്പോള്‍ പിടിച്ചെടുത്ത തെക്കന്‍ മേഖല യുക്രെയിന്‍ നിര്‍ണായക നീക്കത്തിലൂടെ പിടിച്ചെടുത്തതായ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ലോകം വീണ്ടും ആണവ ഭീഷണിയില്‍.

യുദ്ധം ആരംഭിച്ച ശേഷം യുക്രെയിന്‍ തെക്കന്‍ പ്രവിശ്യയില്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍, പുറത്ത് വരുന്ന വിവരം യാഥാര്‍ത്ഥ്യമാണെങ്കില്‍, റഷ്യ മാരക ആയുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്നാണ് ലോക രാജ്യങ്ങള്‍ ഭയക്കുന്നത്. നിലവില്‍ അമേരിക്കയും മറ്റ് നാറ്റോ രാജ്യങ്ങളും നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് യുക്രെയിന്‍ റഷ്യയെ ചെറുക്കുന്നത്.

തെക്കന്‍ മേഖലയിലെ നിപ്രോ നദിക്കരയിലൂടെ അതിവേഗം നീങ്ങിയ യുക്രെയിന്‍ ടാങ്കുകള്‍ ആയിരത്തോളം വരുന്ന റഷ്യന്‍ സേനയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തിയെന്നാണ് അമേരിക്കന്‍ അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യുക്രെയിന്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ ഇതേക്കുറിച്ച്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുക്രെയ്‌ന്റെ ടാങ്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നദിയുടെ പടിഞ്ഞാറന്‍ തീരത്തുകൂടി കിലോമീറ്ററുകളോളം നീങ്ങിയെന്നും നിരവധി ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതായുമാണ് മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്. യുക്രെയിന്‍ സൈനികര്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത പല ഗ്രാമങ്ങളിലും തങ്ങളുടെ പതാക ഉയര്‍ത്തുന്നതാണെന്ന പേരില്‍ നിരവധി വിഡിയോകളും പുറത്തുവരുന്നുണ്ട്.