ദില്ലി: പത്ത് പേർക്ക് ജീവൻ നഷ്ടമായ ഉത്തരാഖണ്ഡ് അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരകാശിയിലെ നെഹ്റു മൗണ്ടെനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. പത്ത് പേര് മരിച്ചു. നാല് പേരുടെ മൃതദേഹം കണ്ടെത്തി. ഇനി കണ്ടെത്താനുള്ളത് 23 പേരെയാണ്.
ഉത്തരകാശിയിലെ നെഹ്റു മൗണ്ട്നീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അഡ്വാന്‍സ്ഡ് മൗണ്ട്നീയറിംഗ് കോഴ്സിന്റെ ഭാഗമായാണ് 34 വിദ്യാർത്ഥികളും ഏഴ് അധ്യാപകരും പുലർച്ചെ മലകയറിയത്. ദ്രൗപദി ദണ്ഡ മലമുകളിലെത്തി സംഘം തിരിച്ചിറങ്ങുമ്പോൾ രാവിലെ എട്ടേമുക്കാലോടെയാണ് ഹിമപാതമുണ്ടായത്. അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘം മഞ്ഞിനടിയില്‍ കുടുങ്ങി. അപകടത്തില്‍ മരിച്ച പത്തുപേരില്‍ രണ്ട് പേർ സ്ത്രീകളാണെന്നാണ് സൂചന. നാല് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് നെഹ്റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. എട്ട് പേരെ സൈന്യം രെക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തിരച്ചില്‍ രാത്രിവരെ തുടർന്നു.
പ്രദേശത്ത് ശക്തമായ മഞ്ഞ് വീഴ്ച തുടരുന്നതുകാരണം രക്ഷാ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. രാവിലെ വീണ്ടും തുടങ്ങും. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുരന്ത നിവാരണ സേനയുടെയും കരസേനയുടെയും ഐ ടി ബി പിയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനോട് സൈന്യത്തിന്റെ സഹായം തേടിയതിനെ തുടർന്ന് രണ്ട് വ്യോമസേന ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിന് എത്തി.