ദില്ലി: ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പൂട്ടി. കുട്ടികളുടെ മരണത്തിൽ മരുന്നുകമ്പനിക്കെതിരെ ആരോപണം ഉയർന്നത് വൻ വിവാദമായതോടെ ദില്ലിയിലെ കോർപറേറ്റ് ഓഫീസാണ് പൂട്ടിയത്. വിവാദവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെ മാധ്യമപ്രവർത്തകർ സ്ഥലത്ത് അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് ജീവനക്കാർ മുങ്ങിയത്. ഗാംബിയയിൽ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നാലെയാണ് വിവാദം. ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണ് മരണത്തിന് ഉത്തരവാദികളെന്ന ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടനയാണ് രംഗത്ത് വന്നത്.
കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഹരിയാനയിലെ കമ്പനിയാണ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡഡ് ഓർഗനൈസേഷൻ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരുന്ന് ഉത്പാദിപ്പിച്ച മെയ്ഡൻ ഫാർമസ്യൂട്ടിക്കൾസ് സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ഡ്രഗ്‌സ് കണ്ട്രോൾ അതോറിറ്റിയും വിശദമായ അന്വേഷണം നടത്തും.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമാണ് ഗാംബിയ. ഇവിടെയുണ്ടായ ദുരന്തത്തിൽ ഇന്ത്യൻ കമ്പനി പ്രതിസ്ഥാനത്തായതും അതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്ത് വന്നതും ഇന്ത്യക്ക് നാണക്കേടാണ്. നാല് മരുന്നുകളാണ് അപകടകാരികളായത്. പ്രോമെത്താസിൻ ഓറൽ സൊലൂഷൻ, കോഫെക്‌സാമാലിൻ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നീ മരുന്നുകളിൽ അപകടകരമായി അളവിൽ കെമിക്കലുകൾ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഗാംബിയയിലേക്ക് മാത്രമേ ഈ കമ്പനി മരുന്ന് അയച്ചിട്ടുള്ളൂവെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടുണ്ട്.