ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. ഇന്ന് രാവിലെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകി. കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്.

യു.എ.ഇ സഹായത്തോടെ വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമിക്കുന്നതിൽ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് കേസിൽ ആരോപണമുയർന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കൊപ്പം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

ലൈഫ് മിഷൻ സിഇഒ യു.വി ജോസ്, യുണിടാക് എംഡി സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്. ഇത് ആദ്യമായാണ് കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.