മുംബൈ: യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ കുത്തനെ ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇതോടെ രൂപ യുഎസ് ഡോളറിനെതിരെ 82.22 എന്ന റെക്കോർഡ് താഴ്ചയിലെത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു.
എണ്ണവില ഇനിയും ശക്തിപ്രാപിച്ചാൽ രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ചരക്ക് വില വർധിച്ച സാഹചര്യത്തിൽ ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം ലോകബാങ്ക് ഒരു ശതമാനം കുറച്ചു.ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി വെട്ടിക്കുറച്ചു.
പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഇത് രൂപയുടെ മൂല്യം കുറയാൻ കാരണമാക്കിയിട്ടുണ്ട്. ഡോളറിനെതിരെ വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപ 8 83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കഴഞ്ഞ മാസം 28 ന് രൂപ 81 .93 എന്നതിലേക്ക് എത്തിയിരുന്നു.