ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കേ പ്രചാരണത്തിൽ സജീവമായി ശശി തരൂരും മല്ലികാർജ്ജുൻ ഖാർഗെയും. തരൂർ രാവിലെ മുതിർന്ന നേതാവ് സുശീൽകുമാർ ഷിൻഡെയുടെ വസതിയിലെത്തും. തുടർന്ന് 12 മണിയോടെ മുംബൈയിലെ പിസിസി ആസ്ഥാനത്ത് എത്തും. മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ച പോലെ വലിയ സ്വീകരണം പിസിസി ആസ്ഥാനത്ത് ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഇന്നലെ വിമാനത്താവളത്തിൽ തരൂരിനെ സ്വീകരിക്കാൻ നേതാക്കളാരും എത്തിയിരുന്നില്ല
കോൺഗ്രസ് സംസ്ഥാന നേതൃത്വം ശശി തരൂരിന്റെ സ്ഥാനാർഥിത്വത്തിനെതിരായ പൊതുനിലപാട് സ്വീകരിക്കുമ്പോഴും താഴെ തട്ടിലെ അണികളിലും അനുഭാവികളിലും നിന്ന് തരൂരിന് കിട്ടുന്ന പിന്തുണ നേതൃത്വത്തെ അമ്പരപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തരൂർ പരാജയപ്പെട്ടാൽ പോലും താഴെ തട്ടിൽ നിന്ന് ഇപ്പോൾ അദ്ദേഹത്തിനു കിട്ടുന്ന പിന്തുണ സംഘടനയിൽ ആഭ്യന്തര പ്രശ്‌നങ്ങൾക്കും വഴിവച്ചേക്കാം. തരൂർ മഹാരാഷ്ട്രയിലും, ഖാർഗെ ജമ്മു കശ്മീരിലുമാണ് ഇന്ന് പ്രചാരണം നടത്തുന്നത്.