ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലണ്ടനിൽ സന്ദർശനം നടത്തും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.
പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലിയും പരിപാടിക്കെത്തും. നാളെ കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാൾ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ കാൾ മാക്സിന്‍റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം സന്ദർശിച്ചു
അതേസമയം മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം നോര്‍വെ പിന്നിട്ട് ബ്രിട്ടണിലേക്ക് എത്തുമ്പോഴും യാത്രയെ കുറിച്ചുളള വിവാദങ്ങൾ തീരുന്നില്ല. വിദേശ പര്യടനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനെ എതിര്‍ത്തും ന്യായീകരിച്ചും സോഷ്യൽ മീഡിയായിൽ വലിയ ചര്‍ച്ചയാണ്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വിദേശ പര്യടനം തുടക്കത്തിലേ വാര്‍ത്തയും വിവാദവുമായിരുന്നു. പോയിട്ട് എന്ത് കിട്ടിയെന്ന എന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു അദ്യഘട്ട ചര്‍ച്ച. സന്ദര്‍ശനം തുടങ്ങാൻ നിശ്ചയിച്ച തീയതി കോടിയേരിയുടെ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ പുതുക്കി. ഫിൻലാന്റ് സന്ദര്‍ശനം വെട്ടിച്ചുരുക്കി നോര്‍വെയിലേക്ക് തിരിച്ച മുഖ്യമന്ത്രിയും സംഘവും ഇപ്പോൾ യുകെയിലേക്കെത്തി.
ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനം അടക്കം കാര്യപരിപാടികൾ അജൻഡയിലുണ്ട്. മലയാളി പ്രവാസി സംഗമം അടക്കം ഒട്ടേറെ പരിപാടികളുമുണ്ട് ലിസ്റ്റിൽ. നോർവ്വെയിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവ്, ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വികെ രാമചന്ദ്രൻ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി, പൊതുഭരണ സെക്രട്ടറി കെആ ജ്യോതിലാൽ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, മുഖ്യമന്ത്രിയുടെ പേഴ്സനൽ അസിസ്റ്റൻറ് സുനീഷ്, യുകെയിൽ മന്ത്രിമാരായ വീണാ ജോർജ്ജും, വി ശിവൻകുട്ടിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
വിദേശ പര്യടനത്തിന് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയതിനെ ചൊല്ലിയാണ് പുതിയ ചര്‍ച്ച. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചുമകനും ഉണ്ട്. ഭാര്യ പാര്‍വതീ ദേവിക്കൊപ്പമാണ് മന്ത്രി വി ശിവൻ കുട്ടി യുകെയിൽ എത്തിയത്. മുഖ്യമന്ത്രിയുടേയും മന്ത്രിയുടെയും കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാൽ പ്രതിനിധി സംഘത്തെടൊപ്പം യാത്ര ചെയ്യുമ്പോൾ കിട്ടുന്ന പ്രത്യേക പരിഗണന അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം