‘ഞങ്ങളുടെ ഉയിരും ഉലകവും’; നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ

മിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ. വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം  സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. “നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. താര വിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന വാർത്തകൾ മുന്‍പ് തന്നെ വന്നിരുന്നു. 25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നൽകിയതെന്നായിരുന്നു വിവരം. ഈ വീഡിയോ ഉടൻ സ്ട്രീമിം​ഗ് ആരംഭിക്കും.