എട്ടിൽ ഒരാളെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായാണ് പഠനങ്ങൾ പറയുന്നത്. കൊവിഡിനെ തുടർന്ന് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വ്യാപനത്തിൽ 25 ശതമാനം വർദ്ധനവ് ഉണ്ടായതായി വിദഗ്ധരും പറയുന്നു. കൊവിഡ് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോൾ അത് മാനസികമായും അവരെ ബാധിച്ചു. ഒരു പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയൊരു മാനസികസംഘർഷത്തിലൂടെയാണ് ലോകം മുഴുവൻ കടന്നു പോയത്.
ഇന്ന് ഒക്ടോബർ 10- ലോക മാനസികാരോഗ്യ ദിനം. വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്ത് ഔദ്യോഗികമായി മാനസികാരോഗ്യ ദിനം പ്രഖ്യാപിച്ച തൊണ്ണൂറുകളുടെ തുടക്കം മുതൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള പല പഠനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ മാനസികാരോഗ്യത്തിൻറെ പ്രാധാന്യത്തെ കുറിച്ച് ഇന്നും ഒരു വിഭാഗത്തിന് കാര്യമായി അറിവില്ല. നമ്മുടെ ശരീരത്തിൻറെ ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. അതിനാൽ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.
മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവൽക്കരണം, മാനസിക രോഗങ്ങളുടെ ചികിത്സയുടെ ആവശ്യകത തുടങ്ങിയവയാണ് ലോക മാനസികാരോഗ്യ ദിനം ഓർമ്മപ്പെടുത്തുന്നത്. ‘ഒരു അസമത്വ ലോകത്ത് മാനസികാരോഗ്യം’ എന്നതാണ് 2022 ലെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം. മാനസികമായി സമ്മർദ്ദം അനുഭവിക്കുന്ന ഓരോരുത്തർക്കും സഹായം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.