ദുബായ്: യുഎഇയില്‍ വലിയ തീപ്പിടുത്തമുണ്ടാവുന്ന വേളയില്‍ അത് കെടുത്താന്‍ ഇനി റോബോട്ടിന്റെ സേവനവും ലഭിക്കും. മനുഷ്യര്‍ക്ക് കടന്നു ചെല്ലാന്‍ പ്രയാസം നേരിടുന്ന അപകടരമായ തീപ്പിടുത്തം ഉണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഇവയെ ഫലപ്രദമായി ഉപയോഗിക്കാനാവും എന്നതാണ് ഈ റോബോട്ടിന്റെ പ്രത്യേകതയ ദുബായില്‍ നടക്കുന്ന ടെക്നോളജി മേളയായ ജൈടെക്സ് ഗ്ലോബലില്‍ അബൂദാബി സിവില്‍ ഡിഫന്‍സ് ആണ് ഇത്തരമൊരു ഫയര്‍ഫൈറ്റര്‍ റോബോട്ട് അവതരിപ്പിച്ചിരിക്കുന്നത്.
10 അഗ്നിശമന സേനാംഗങ്ങള്‍ക്ക് പകരം നില്ക്കാന് ഒരു തെര്‍മൈറ്റ് റോബോട്ട് മതിയാവും. ഒരു മിനുട്ടില്‍ 2500 ഗാലന് വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കുന്ന സ്പൗട്ടോടു കൂടിയതാണിത്. എത്ര വലിയ തീപ്പിടുത്തമായാലും നിമിഷ നേരം കൊണ്ട് അത് അണക്കാന്‍ ഇവ ഉപയോഗിച്ച് സാധിക്കും. തീ അണയ്ക്കാനുള്ള ദൗത്യത്തിനിടയില്‍ റോബോട്ട് നശിച്ചു പോയാല്‍ അതിന് പകരം മറ്റൊന്ന് നിര്‍മിക്കാനാവും. എന്നാല്‍ മനുഷ്യ ജീവന് നഷ്ടപ്പെട്ടാല്‍ ആ ജീവന് പകരം വയ്ക്കാന്‍ ആകില്ല. ഇതാണ് തെര്‍മൈറ്റ് റോബോട്ടിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.
ഒരു മിനുട്ടില്‍ 2500 ഗാലന് വെള്ളം ചീറ്റാന്‍ കഴിയുന്ന കൂറ്റന്‍ വാട്ടര്‍ സ്പൗട്ടിലൂടെ വലിയ ഒരു പ്രതലത്തില്‍ ഒന്നാകെ വെള്ളം പമ്പ് ചെയ്യാന്‍ കഴിയും. അതോടൊപ്പം ഒരു പ്രത്യേക സ്ഥലത്ത് മാത്രം വെള്ളം എത്തിക്കാന്‍ പറ്റുന്ന ചെറിയ സ്പൗട്ടും റോബോട്ടിലുണ്ട്. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടിന് ഇടതടവില്ലാതെ 20 മണിക്കൂര്‍ വരെ തീ അണയ്ക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. 300 മീറ്റര്‍ അകലെ നിന്ന് റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് ഈ റോബോട്ട് ഫയര്‍ ഫൈറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ആളിപ്പടരുന്ന തീയുടെ സമീപത്ത് ചെന്ന് വെള്ളം പമ്പ് ചെയ്യാന്‍ ഇതുവഴി സാധിക്കും. അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും അസാധ്യമായ കാര്യമാണിത്.