ലോകബാങ്ക്, ഐഎംഎഫ് സുപ്രധാന യോഗങ്ങൾ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അമേരിക്കയിലേക്ക് പുറപ്പെട്ടു

ദില്ലി: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാർഷിക യോഗങ്ങളിലും ജി20 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിലും പങ്കെടുക്കുകയാണ് ലക്ഷ്യം. ഒക്ടോബർ 11 മുതൽ 16 വരെ 6 ദിവസത്തെ യുഎസ് സന്ദർശനത്തിൽ മന്ത്രി യു എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനെയുമായും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസുമായും കൂടിക്കാഴ്ച നടത്തും.

കൂടാതെ ധനകാര്യ മന്ത്രി വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി ചർച്ചകളിലും ഏർപ്പെടുമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വിശദീകരിക്കുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഓസ്‌ട്രേലിയ, ഈജിപ്ത്, ജർമ്മനി, യുഎഇ, ഇറാൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുമായാകും കേന്ദ്ര ധനകാര്യ മന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തുക. ബ്രൂകിങ്സ് സർവകലാശാലയിൽ ഒരു സെമിനാറിലും കേന്ദ്ര ധനകാര്യമന്ത്രി പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക നിലയും ആഗോള സമ്പദ് വ്യവസ്ഥയിലെ പങ്കുമെന്നതാണ് വിഷയം. ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ റിലേഷൻസ് സംഘടിപ്പിക്കുന്ന പരിപാടിയിലും അവർ പങ്കെടുക്കും. യുഎസ് – ഇന്ത്യ ബിസിനസ് കൗൺസിൽ, യുഎസ് – ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ് ഫോറം എന്നിവയിൽ പങ്കെടുത്ത് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ സാമ്പത്തിക ഇടനാഴി ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചും യുഎസിലെ പ്രമുഖ നിക്ഷേപകരുമായി കേന്ദ്ര ധനമന്ത്രി സംസാരിക്കും.

ഇന്ത്യയിൽ വിദേശത്ത് നിന്നുള്ള വലിയ നിക്ഷേപ സാധ്യതകൾ മന്ത്രി തേടും. പ്രമുഖ വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും നടത്തുന്ന കൂടിക്കാഴ്ചകൾ ഇന്ത്യയുടെ നിക്ഷേപ നയങ്ങൾ ഉയർത്തിക്കാട്ടുന്നതിനും, ഒരു നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയിലെ സാധ്യതകൾ അവതരിപ്പിച്ച് വിദേശ നിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.