ആക്രമണകാരികളായ തെരുവ് നായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവ് നായകളെ നിയന്ത്രിക്കണമെന്ന ഹരജികൾക്ക് അനുബന്ധമായാണ് സുപ്രീംകോടതി അപേക്ഷ പരിഗണിക്കുക. ഹരജിയിൽ സുപ്രിം കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചേക്കും.
കേരളത്തിൽ നൂറ്കണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത്.
കേരളത്തിൽ തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാൻ നടത്തുന്ന നീക്കങ്ങൾ തടയണമെന്ന ഹർജ്ജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.