5ജി സേവനം: മൊബൈൽ കമ്പനികളുമായി ഐടി മന്ത്രാലയം ചർച്ച നടത്തും

ദില്ലി: 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഐടി മന്ത്രാലയം ഇന്ന് മൊബൈൽ കമ്പനികളുമായി ചർച്ച നടത്തും. നിലവിൽ 5 ജി , പല മൊബൈൽ ഫോൺ മോഡലുകളിലും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇത്. ആപ്പിൾ,സാംസങ് തുടങ്ങിയ വിദേശ മൊബൈൽ കമ്പനികളും റിലയൻസ്, എയർടെൽ, വിഐ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരും യോഗത്തിൽ പങ്കെടുക്കും.

സോഫ്റ്റ്വെയർ അപ്‌ഗ്രേഡേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. ഒക്ടോബർ ഒന്ന് മുതലാണ് രാജ്യത്ത് ഫൈവ് ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. ഇതിനുശേഷം ഇത് ആദ്യമായാണ് ഐടി മന്ത്രാലയം ഇത്തരമൊരു യോഗം വിളിക്കുന്നത്.