രാജ്യത്ത് മലേറിയ ബാധ രൂക്ഷമായതിന് പിന്നാലെ 62 ലക്ഷം കൊതുകുവലകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാനൊരുങ്ങി പാകിസ്ഥാന്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് പിന്നാലെ രാജ്യത്ത് പടരുന്ന മലേറിയ അടക്കമുള്ള രോഗങ്ങളുടെ വ്യാപനം തടയാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്റെ നീക്കമെന്നാണ് പ്രാദേശിക ന്യൂസ് ചാനലായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാന് വേണ്ടി കൊതുകുവല വാങ്ങാന്‍ സഹായം നല്‍കുന്നത് ലോകാരോഗ്യ സംഘടനയാണെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത മാസത്തിനുള്ളില്‍ വാഗ വഴി കൊതുകുവല എത്തിക്കാനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. പാകിസ്ഥാനിലെ പ്രളയബാധിതമായ 32 ജില്ലകളില്‍ മലേറിയ അതിവേഗമാണ് വ്യാപിക്കുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് മലേറിയ അടക്കമുള്ള കൊതുക് പടര്‍ത്തുന്ന രോഗങ്ങള്‍ ബാധിച്ചിട്ടുള്ളത്. പ്രളയ ബാധിത പ്രദേശങ്ങളിലെ ഏറ്റവും ഗുരുതര ആരോഗ്യ പ്രശ്നമായി മലേറിയ മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. പാകിസ്ഥാനില്‍ ഏറ്റവും നാശനഷ്ടം വിതച്ച പ്രളയമാണ് ഇക്കൊല്ലമുണ്ടായതെന്നാണ് വിലയിരുത്തല്‍.
1700 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിനടയിലാവുകയും നിരവധിപ്പേര്‍ ചിതറിപ്പോവുകയും ചെയ്യുന്ന അന്തരീക്ഷം ഇക്കൊല്ലത്തെ വെള്ളപ്പൊക്കം മൂലമുണ്ടായി. സെപ്തംബറില്‍ തന്നെ മലേറിയ അടക്കമുള്ള രോഗങ്ങള്‍ പടരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇത് വീണ്ടുമൊരു ദുരന്തമുണ്ടാവുന്ന സാഹചര്യത്തിലേക്കെത്തുമെന്നാണ് ലോകാരോഗ്യ സംഘടന വിശദമാക്കിയത്.
2023 ജനുവരി ആകുമ്പോഴേയ്ക്കും പ്രളയബാധിത ജില്ലകളില്‍ 2.7 മില്യണ്‍ മലേറിയ ബാധിതരുണ്ടാവുമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. അനാഫെലിസ് വിഭാഗത്തിലുള്ള പെണ്കൊതുകള് ആണ് മലേറിയയ്ക്ക് കാരണമാകുന്ന പരാദങ്ങളെ മനുഷ്യ ശരീരത്തിലെത്തിക്കുന്നത്. രോഗം തടയാവുന്നതും ഭേദമാക്കാന്‍ സാധിക്കുന്നതുമാണ്. എങ്കിലും 2020ല്‍ ലോകത്ത് മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 627000 ആണ്.