‘എൽദോസിനെ ഫോണില്‍ കിട്ടുന്നില്ല’; പാര്‍ട്ടി സ്ത്രീപക്ഷത്ത്: സതീശന്‍

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മിന്‍റെ ക്ലീഷേ ന്യായീകരണത്തിന് കോണ്‍ഗ്രസില്ലെന്നും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു. വിഷയത്തില്‍ കോണ്‍​ഗ്രസ് ഒരു തരത്തിലും പ്രതിരോധിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ വിശദീകരണം കേള്‍ക്കുക എന്നത് സാമാന്യ മര്യാദയാണ് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ വിശദീകരണം കേട്ട ശേഷമേ പാര്‍ട്ടി നടപടി സ്വീകരിക്കൂ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞ് വയ്ക്കുന്നത്. എംഎല്‍എയുടെ മുൻകൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എല്‍ദോസിന് ഒളിവിൽ പോകേണ്ട ആവശ്യമില്ലെന്നും ഇന്നോ നാളെയോ അദ്ദേഹത്തിൻ്റെ വിശദീകരണം ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ പ്രതിരോധിക്കാൻ കോണ്‍​ഗ്രസ് ശ്രമിക്കില്ല. എന്നാല്‍, വിശദീകരണം തേടുക എന്നത് സ്വാഭാവിക നീതിയാണെന്നും വി ഡി സതീശൻ പറഞ്ഞു. എംഎല്‍എയെ പല തരത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ലെന്ന് പറഞ്ഞ വി ഡി സതീശന്‍, സ്ത്രീപക്ഷ നിലപാടില്‍ തന്നെ കോണ്‍ഗ്രസ് ഉയര്‍ത്തിപിടിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ എത്രയും പെട്ടെന്ന് കെപിസിസിക്ക് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സർക്കാർ ചെലവിൽ പോകുമ്പോൾ മലയാളിക്ക് എന്ത് നേട്ടമുണ്ടായി എന്ന് ജനങ്ങളോട് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. വിദേശ യാത്രയിൽ വിദ്യാഭ്യാസ മന്ത്രിയെ സ്വാധീനിച്ച കാര്യം പറഞ്ഞാൽ നമ്മുക്കും പഠിക്കാമായിരുന്നുവെന്ന് വി ഡി സതീശന്‍ പരി​ഹസിച്ചു.