തിരുവനന്തപുരം: പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി കത്ത് നല്കി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയാണ് കത്ത് നല്‍കിയിരിക്കുന്നത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.
ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നത്.അതിനാല്‍ പ്രസ്തുത വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം നല്‍കണം .അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നുമാണ് കത്തില്‍ ഉള്ളത്.
എല്‍ദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്ന് കെ സുധാകരന് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഒരു ജനപ്രതിനിധിയില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എല്‍ദോസില്‍ നിന്നുണ്ടായത്. ആരോപണം ശരിയാണോ തെറ്റാണോ എന്ന് അന്വേഷണം നടക്കുകയാണ് എന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.