ഇലന്തൂർ ഇരട്ട നരബലി; പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും

നാടിനെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. ഭഗവൽ സിംഗിനെ പത്തനംതിട്ടയിലും, മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലത്തും എത്തിച്ചു തെളിവെടുപ്പ് നടടത്തിയേക്കും. ഇന്നലെ പ്രതികളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. പത്മയെയും റോസിലിയെയും കൊലപ്പെടുത്താൻ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളിൽ എത്തിച്ചാകും ഭഗവൽ സിംഗിന്റെ ഇന്നത്തെ തെളിവെടുപ്പ്.

പ്രതികളിൽ നിന്ന് കൂടുതൽ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പ്രത്യേക സംഘം വ്യക്തമാക്കി. കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങൾ, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇതെല്ലാം വിശദമായ പരിശോധനയ്ക്ക് അയക്കും.

അതേസമയം താനും ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും മനുഷ്യ മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്നും ഭർത്താവ് ഭഗവൽ സിംഗ് മാസം തുപ്പിക്കളഞ്ഞെന്നുമാണ് ലൈല അന്വേഷണ സംഘത്തിന് നൽകിയ മൊഴി. കൊലപാതകം പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള തെളിവെടുപ്പടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം നടത്തിയിരുന്നു. ഇതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് മനുഷ്യമാംസം വേവിച്ച് കഴിച്ചെന്ന് ലൈല മൊഴി നൽകിയത്. പ്രഷർ കുക്കറിലാണ് പാചകം ചെയ്തത്. അന്വേഷണ സംഘത്തോട് പ്രതികൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.