വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക; ഇന്ന് ലോക ഭക്ഷ്യ ദിനം

ആരോഗ്യകരമായ ശരീരം ഉറപ്പാക്കാൻ ശരിയായ പോഷകാഹാരം കഴിക്കേണ്ടത് പരമപ്രധാനമാണ്. ഇന്ന് ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം ആണ്. 2030ഓടെ വിശപ്പ് രഹിത ലോകം സാധ്യമാണ് എന്നതാണ് ഈ വർഷത്തെ ഭക്ഷ്യ ദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവത്കരണ ദിനം കൂടിയാണ് ഭക്ഷ്യദിനം.

എഫ്.എ.ഒ.യുടെ ജന്മദിനമായ ഒക്ടോബർ 16 ലോകഭക്ഷ്യദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടായത് 1979-ലാണ്. വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നിൽ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തർദേശീയതലത്തിൽ കാർഷിക വളർച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നൽകുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ.

വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ ലക്ഷ്യം. ലോകത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്രത്തിന്റയും പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാർഗം കണ്ടെത്താനുമുള്ള ബോധവൽക്കരണം കൂടിയാണ് ഈ ദിനം. ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷം നടത്തുന്നത്.