വന്ദേഭാരത് അതിവേഗ ട്രെയിന്‍ കേരളത്തിലേയ്ക്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന് തിരിച്ചടി. കോടികള്‍ മുടക്കാതെ വന്ദേഭാരത് അതിവേഗ ട്രെയിന്‍ കേരളത്തിലേയ്ക്ക്. 160 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിച്ചുപായുന്ന വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് കേന്ദ്രസര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി കേരളത്തിന് അനുവദിച്ചേക്കും.

ദക്ഷണിറെയില്‍വേയ്ക്ക് ആദ്യമായി ലഭിച്ച ട്രെയിന്‍ ചെന്നൈ-ബംഗളൂരു-മൈസൂര്‍ റൂട്ടില്‍ നവംബര്‍ പത്തുമുതല്‍ ഓടിത്തുടങ്ങും. ചെന്നൈ, ബംഗളൂരു നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സര്‍വീസുകള്‍ക്ക് സാദ്ധ്യതയുണ്ട്. ചെന്നൈയില്‍ നിന്ന് കന്യാകുമാരിയിലേക്ക് അതിവേഗ ട്രെയിന്‍ വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കപ്പെട്ടാല്‍ തിരുവനന്തപുരത്തിന്റെ അയല്‍പക്കത്തേക്കും ഒരു വന്ദേഭാരത് എത്തും. പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ ഈ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് നീട്ടാനുമിടയുണ്ട്. ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലും ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ മോഡേണ്‍ കോച്ച്‌ ഫാക്ടറിയിലും 44 ട്രെയിനുകള്‍ നിര്‍മ്മാണത്തിലാണ്.

സംസ്ഥാനം ഒരു രൂപ പോലും മുടക്കാതെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് അതിവേഗ ട്രെയിനുകള്‍ വരുന്നത്. മൂന്നുവര്‍ഷത്തിനകം 400ട്രെയിനുകള്‍ ഓടിക്കുമെന്നാണ് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം. ന്യൂഡല്‍ഹി-വാരണാസിയാണ് വന്ദേഭാരതിന്റെ ആദ്യ സര്‍വീസ്. ന്യൂഡല്‍ഹി- ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, ഗാന്ധിനഗര്‍- മുംബൈ, ഹിമാചല്‍ പ്രദേശിലെ ഊന- ഡല്‍ഹി ട്രെയിനുകളും ഓടിത്തുടങ്ങിയിട്ടുണ്ട്.