ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ തന്നെ, ജാമ്യ ഹർജി വ്യാഴാഴ്ച

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായി കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ എവിടെ എന്ന് വിവരമില്ല. വരുന്ന വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുന്നതിനാൽ അത് വരെ മാറി നിൽക്കാനാണ് എംഎൽഎയുടെ തീരുമാനമെന്നാണ് വിവരം.

കെപിസിസി നേതൃത്വത്തിന് നൽകേണ്ട വിശദീകരണം എംഎൽഎ സമയബന്ധിതമായി നൽകുമെന്നാണ് എംഎൽഎ യുമായി അടുപ്പമുള്ളവർ അറിയിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും എംഎൽഎ തേടുന്നുണ്ട്

എംഎൽഎക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് കെപിസിസി. ആരോപണ വിധേയനായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒക്ടോബർ 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കത്ത് നൽകി. ഒരു പൊതുപ്രവർത്തകന്റെ പേരിൽ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്ന് വന്നത്.അതിനാൽ പ്രസ്തുത വിഷയത്തിലുള്ള എൽദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം നൽകണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.