കൊവിഡ് പുതിയ വകഭേദം; പ്രതിരോധം ശക്തമാക്കി, ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം.

നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണമെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും പുതിയ കൊവിഡ് വകഭേദം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവര്‍ത്തകരും അനുബന്ധ രോഗമുള്ളവരും നിര്‍ബന്ധമായും കരുതല്‍ ഡോസ് എടുക്കേണ്ടതാണെന്നും മന്ത്രി പറയുന്നു.