നടി ഹൻസികയ്ക്ക് മാം​ഗല്യം; വിവാഹം നടക്കുന്നത് 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ

തെന്നിന്ത്യൻ താര സുന്ദരി ഹൻസിക മോട്‌വാനി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം ഡിസംബറിൽ ആകും വിവാഹമെന്നും ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചാകും ചടങ്ങുകൾ നടക്കുകയെന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.

വരനെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ജയ്പൂർ കൊട്ടാരത്തിൽ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ നടിയുടെയോ ബന്ധുക്കളുടെയോ ഭാ​ഗത്തുനിന്നും ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

ഇക്കഴിഞ്ഞ ജൂലൈയിൽ തന്റെ 50ാമത്തെ ചിത്രം ‘മഹാ’യുടെ റിലീസുമായി ബന്ധപ്പെട്ട് ഹൻസിക പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. പ്രിയപ്പെട്ട ആരാധകരില്ലെങ്കിൽ തന്റെ കുടുംബം അപൂർണമാണെന്നും സിനിമയാണ് തനിക്കെല്ലാമെന്നും ഹൻസിക കുറിച്ചിരുന്നു. 50 സിനിമ പൂർത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രേക്ഷകര്‍ നൽകിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാൻ തുണയായതെന്നും ഹൻസിക പറഞ്ഞിരുന്നു.