ബിൽക്കിസ് ബാനോ ബലാത്സംഗക്കേസിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ചെങ്കോട്ടയിൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നവർ യഥാർത്ഥത്തിൽ ബലാത്സംഗികൾക്കൊപ്പമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ബിൽക്കിസ് ബാനോ എന്ന മുസ്ലീം യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ഓഗസ്റ്റ് 15-ന് വിട്ടയച്ചിരുന്നു.
”പ്രധാനമന്ത്രിയുടെ വാഗ്ദാനവും ഉദ്ദേശ്യവും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. പ്രധാനമന്ത്രി സ്ത്രീകളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത്.” – രാഹുൽ ട്വിറ്ററിൽ കുറിച്ചു. ആഗസ്റ്റ് 15ന് നടത്തിയ പ്രസംഗത്തിൽ സ്ത്രീ ശാക്തീകരണത്തിനായി പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. ”സംസാരത്തിലും പെരുമാറ്റത്തിലും സ്ത്രീകളുടെ അന്തസ്സ് കുറയ്ക്കുന്ന യാതൊന്നും നമ്മൾ ചെയ്യുന്നില്ല എന്നത് പ്രധാനമാണ്. ഓരോ ഇന്ത്യക്കാരനോടും എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്: ദൈനംദിന ജീവിതത്തിൽ നമ്മുടെ സ്ത്രീകളോടുള്ള മാനസികാവസ്ഥ മാറ്റാൻ നമുക്ക് കഴിയുമോ?” – പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.
എന്നാൽ അതേ ദിനത്തിൽ തന്നെ പ്രതികൾ ജയിൽ മോചിതരായത്ത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ബന്ധുക്കളും ചില ഹിന്ദു വലതുപക്ഷ സംഘടനകളും മാലയും മധുരവും നൽകിയാണ് പ്രതികളെ സ്വീകരിച്ചത്. 2002 ലെ കലാപ കേസ് പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരും കേന്ദ്ര സർക്കാരും നടപടികൾ നേരത്തെ വേഗത്തിലാക്കിയതായി രേഖകൾ വെളിപ്പെടുത്തുന്നു. കേസ് അന്വേഷിച്ച സിബിഐയും ജീവപര്യന്തം ശിക്ഷ വിധിച്ച കോടതിയും എതിർത്തെങ്കിലും അവഗണിച്ചതായി രേഖകൾ പറയുന്നു.