‘മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം’; പൊതുതാല്പര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

hc verdict on ed appeal today

കൊച്ചി: ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ, മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനിർമ്മാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാണാവശ്യം. കേരള യുക്തിവാദി സംഘമാണ് ഹർജി നൽകിയത്.

മഹാരാഷ്ട്ര ,കർണ്ണാടക സംസ്ഥാനങ്ങളിൽ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ട്. സമാനമായ കൊലപാതകങ്ങൾ കേരളത്തിൽ ഇതിനു മുൻപും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരം അനാചാരങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക.

അതേസമയം, ഇലന്തൂർ കേസിലെ പ്രതി മുഹമ്മദ് ഷാഫി കൊലപാതകത്തിനു ശേഷം കവർന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫി കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച കൊല്ലപെട്ട പത്മയുടെ സ്വർണാഭരണങ്ങളാണ് പൊലീസ് കണ്ടെടുത്തത്. മുഹമ്മദ് ഷാഫിയെ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്താണ് പൊലീസ് സ്വർണാഭണങ്ങൾ കണ്ടെടുത്തത്.