ദില്ലി: കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെക്ക് ആശംസകളുമായി മുതിർന്ന നേതാക്കൾ. ദില്ലിയിലെ ഖർഗെയുടെ വസതിയിലെത്തിയ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകളും ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ഖർഗേക്ക് ആശംസകൾ അറിയിച്ചു. എതിർ സ്ഥാനാർത്ഥിയായിരുന്ന ശശി തരൂരും ഖർഗെയെ വസതിയിലെത്തി അഭിനന്ദിച്ചു.
ഖർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെയും ഭരണ ഘടനെയും സംരക്ഷിക്കാനുള്ള കേൺഗ്രസിന്റെ ശ്രമം ഖർകെയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുമെന്നും പ്രിയങ്ക വിശദീകരിച്ചു.
കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി.കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. ജയറാം രമേശ് അടക്കമുളള മുതിർന്ന നേതാക്കളും ഖർഗെയെ അഭിനന്ദിച്ചു. ഖർഗേയുടെ നേത്യത്വത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. ഇത്തരമൊരു തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.