ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജികൾ തള്ളണമെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയിൽ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് എടുത്ത നയപരമായ തീരുമാനമാണ് അഗ്നിപഥ് പദ്ധതി. ഇത് സായുധ സേനകളുടെ മൊത്തത്തിലുള്ള സംഘടനയിൽ ഘടനാപരമായ മാറ്റങ്ങൾക്ക് അനിവാര്യമാണെന്നും കേന്ദ്രം. അഗ്നിപഥ് പദ്ധതി സായുധ സേനയെ ചെറുപ്പമാക്കും. വിരമിച്ച അഗ്നിവീരന്മാർ സമൂഹത്തിന് നൈപുണ്യമുള്ള മനുഷ്യശേഷി നൽകുമെന്നും കേന്ദ്രം പറഞ്ഞു.
അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്ക് കരസേന അയോഗ്യത കൽപ്പിച്ചിരുന്നു. ഇവർക്ക് അഗ്നിവീർ റിക്രൂട്ട്മെൻറുകളിൽ പങ്കെടുക്കാനാവില്ല. നിയമാവലിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. പ്രതിഷേധങ്ങൾ റിക്രൂട്ട്മെൻറിനെ ബാധിച്ചിട്ടില്ലെന്നാണ് കോഴിക്കോട് അഗ്നിവീർ റിക്രൂട്ട്മെൻറിനെത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.
കേരളം, കർണ്ണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളാണ് ബംഗലുരു റിക്രൂട്ട്മെൻറെ് മേഖലക്ക് കീഴിൽ ഉള്ളത്. കർണ്ണാടയിലും കേരളത്തിലും റിക്രൂട്ട്മെൻറ് നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിൽ വടക്കൻ മേഖല റിക്രൂട്ട്മെൻറ് റാലിയിൽ 23000 ഓളം പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 13,100ഓളം പേർ ഇതിനകം റാലിക്കെത്തി. 705 പേർ പ്രാഥമിക യോഗ്യത നേടി. 624 പേരെ വീണ്ടും പരിശോധനക്ക് ശുപാർശ ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങൾ ഒരിടത്തും റിക്രൂട്ട്മെൻറിനെ ബാധിച്ചിട്ടില്ലെന്ന് കരസേന അറിയിച്ചു.