യൂറോപ്പ് യാത്ര പ്രതീക്ഷിച്ചതിലും വലിയ വിജയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ സംഘം നടത്തിയ വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷ്യമിട്ടതിലും വളരെയേറെ കാര്യങ്ങൾ വിദേശയാത്രയിലൂടെ സാധ്യമായി. പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തിൽ നിന്നും ആരോഗ്യമേഖലയിൽ നിന്നും മറ്റുമായി കൂടുതൽ പേർക്ക് യൂറോപ്പിൽ തൊഴിലവസരങ്ങൾ ഒരുക്കാനും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കാനും യൂറോപ്പ് യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വിപി ജോയിയോടൊപ്പമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണാനെത്തിയത്.

ഒക്ടോബർ ആദ്യത്തെ രണ്ടാഴ്ച കേരളത്തിൻറെ ഔദ്യോഗികസംഘം യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. യാത്രയുടെ ഉദേശലക്ഷ്യമടക്കമുള്ള വിശദാംശങ്ങൾ സെപ്തംബർ 21ന് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത് ഓർക്കുന്നുണ്ടാകുമല്ലോ. ഒക്ടോബർ ഒന്നിന് പുറപ്പെടണം എന്നാണ് നിശ്ചയിച്ചിരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സമുന്നത നേതാവും മുൻമന്ത്രിയും ഞങ്ങളുടെയെല്ലാം പ്രിയങ്കരനുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻറെ വിയോഗംമൂലം നിശ്ചിത ദിവസം യാത്ര ആരംഭിച്ചിരുന്നില്ല.

സംസ്ഥാനത്തിൻറെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇത്തരം ഒരു യാത്ര പ്ലാൻ ചെയ്തത്. അത് പൂർണമായും തന്നെ പൂർത്തിയാക്കാനായിട്ടുണ്ട്. അഭിമാനത്തോടെ പറയട്ടെ, ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ ഈ യാത്ര കൊണ്ട് സംസ്ഥാനത്തിന് സ്വായത്തമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.