തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും .യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടർന്ന് നൽകിയ മൊഴിയിലാണ് ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് കൂടി ചുമത്തിയത്. തുടർന്ന്, ജാമ്യ ഹർജിയിൽ വാദം പൂർത്തിയായതോടെ, എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തി.
എൽദോസിനെതിരെ കൂടുതൽ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യ ഹർജിയിൽ ഉത്തരവ് പറയുന്നതിന് മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കോടതി പരിഗണിക്കുമോയെന്ന് ഇന്ന് അറിയാം. അതിനിടെ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിൽ തുടരുകയാണ്. ബലാത്സംഗക്കേസിൽ ഉൾപ്പെടെ വിശദീകരണം നൽകാൻ കെപിസിസി എൽദോസിന് നൽകിയ സമയവും ഇന്ന് അവസാനിക്കും.