രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക

ന്യൂഡല്‍ഹി: ഉത്സവ സീസണിലൂടെ കടന്നുപോകുന്നതിനിടെ, രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ പത്തുമുതല്‍ 16 വരെയുള്ള കാലയളവില്‍ കോവിഡ് കേസുകളില്‍ 17 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡിന്റെ എക്‌സ്‌എക്‌സ്ബി വകഭേദമാണ് മഹാരാഷ്ട്രയില്‍ പടരുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന താനെ, പുനെ, റായ്ഗഡ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എക്‌സ്‌എക്‌സ്ബി വകഭേദം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. അതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ അടക്കം പാലിച്ച്‌ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌പൈക് പ്രോട്ടീനില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്.

നിലവില്‍ 17 രാജ്യങ്ങളില്‍ എക്‌സ്‌എക്‌സ്ബി പടര്‍ന്നുപിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിഎ.2.75, ബിജെ.വണ്‍ ഉപവകഭേദങ്ങളെ അപേക്ഷിച്ച്‌ വ്യാപനശേഷി കൂടുതലാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.