നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റില്ല, ഹർജി തള്ളി സുപ്രിംകോടതി

supreme court in farmers protest

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹർജി സുപ്രിംകോടതി തള്ളി. ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജുഡീഷ്യൽ ഉദ്യാഗസ്ഥയെ സമ്മർദ്ദത്തിലാക്കാൻ ഇത്തരം ഹർജികൾ ഇടയാക്കില്ലേ എന്ന് ചോദിച്ചാണ് കോടതി അതിജീവിതയുടെ ഹർജി തള്ളിയത്.

വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം, ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നു വ്യക്തമാക്കി ഹൈക്കോടതിയും മുൻപ് തള്ളിയിരുന്നു. ഇതിനെതിരെയാണ് നടി സുപ്രിം കോടതിയെ സമീപിച്ചത്. ഇപ്പോഴത്തെ ജഡ്ജി വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും നടി കോടതിയിൽ വാദിച്ചിരുന്നു.

വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഇതിനു തെളിവു ഹാജരാക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി ഹൈക്കോടതി തള്ളിയത്.