ഐ എസ് എൽ മത്സരങ്ങൾക്ക് വിനോദ നികുതി; കത്ത് പിൻവലിക്കണമെന്ന കേരളാ ബ്ലാസ്റ്റേഴ്‌സിൻറെ ആവശ്യം തള്ളി കൊച്ചി കോർപ്പറേഷൻ

ഐ എസ് എൽ മത്സരങ്ങൾക്ക് വിനോദ നികുതി ആവശ്യപെട്ടുള്ള കത്ത് പിൻവലിക്കണമെന്ന കേരളാ ബ്ലാസ്റ്റേഴ്‌സിൻറെ ആവശ്യം തള്ളി കൊച്ചി കോർപ്പറേഷൻ. സർക്കാർ ഉത്തരവു പ്രകാരമാണ് ഫുട്‌ബോൾ ടൂർണമെൻറുകൾക്ക് വിനോദ നികുതി ഈടാക്കുന്നതെന്നും നികുതി പിരിക്കുന്നത് കോടതി തടഞ്ഞിട്ടില്ലെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. കലൂരിലെ ഐ.എസ്.എൽ മത്സരങ്ങൾക്ക് വിനോദ നികുതി അടക്കണമെന്നാവശ്യപെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും കത്തു നൽകാനാണ് കോർപ്പറേഷൻറെ തീരുമാനം.

രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോൾ കേരളത്തിൽ ഫുട്‌ബോൾ ടൂർണമെൻറുകൾക്കുൾപ്പടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് (No.123/2017) ഇറക്കിയിരുന്നു (24/06/2017). ഈ ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെന്നും അതിനാൽ കോർപറേഷൻറെ നടപടി നിയമവിരുദ്ധമാണെന്നും ബ്ലാസ്റ്റേഴ്‌സ് നേരത്തെ നോട്ടീസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

കലൂർ നെഹ്‌റു സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് വിനോദ നികുതിയടക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ രണ്ട് നോട്ടീസുകൾക്കും ഐഎസ്എൽ അധികൃതർ മറുപടി നൽകിയില്ലെന്നും, 48 മണിക്കൂറിനകം വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോർപറേഷൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തിയത്. വിനോദ നികുതി ഒടുക്കുന്നതുമായ ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ നിലവിലുള്ള ഇടക്കാല ഉത്തരവിനും ഇത് സംബന്ധിച്ച് ബാധകമായ സർക്കാർ ഉത്തരവുകൾക്കും വിരുദ്ധമായിട്ടാണ് കൊച്ചി കോർപ്പറേഷൻ നിലവിൽ നോട്ടീസ് അയച്ചിരിക്കുന്നതെന്നും ബ്ലാസ്റ്റേഴ്‌സ് നോട്ടീസിനുള്ള മറുപടിയിൽ വിശദമാക്കിയിരുന്നു.